NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
01:39 PM
Mon, 12 May 2025

വിദ്യാര്‍ഥികള്‍ക്ക് ഇനി വരി വേണ്ട, പഠിക്കാന്‍ ബസില്‍ ഇരുന്നും പോകാം

വിദ്യാര്‍ഥികള്‍ക്ക്  ഇനി വരി വേണ്ട, പഠിക്കാന്‍ ബസില്‍ ഇരുന്നും പോകാം

പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സ്വാശ്രയ കോഴ്‌സിന് പഠിക്കുന്നവരൊഴികെ റെഗുലര്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും പ്രിന്‍സിപ്പല്‍ നല്‍കുന്ന കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാം.



വിദ്യാര്‍ഥികളെ വരിയില്‍ നിര്‍ത്താതെ, സീറ്റ് നിഷേധിക്കാതെ യാത്രാസൗകര്യമൊരുക്കാന്‍ ജില്ലാതല സ്റ്റുഡന്റ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണിത്. പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സ്വാശ്രയ കോഴ്‌സിന് പഠിക്കുന്നവരൊഴികെ റെഗുലര്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും പ്രിന്‍സിപ്പല്‍ നല്‍കുന്ന കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാം. സഞ്ചരിക്കേണ്ട സ്ഥലം കാര്‍ഡില്‍ രേഖപ്പെടുത്തണം. മറ്റുള്ളവര്‍ക്ക് പുതിയ കണ്‍സഷന്‍ കാര്‍ഡ് വിതരണം ജൂലായ് ഒന്നിന് തുടങ്ങി 15-നകം പൂര്‍ത്തിയാക്കും. കണ്‍സഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകങ്ങള്‍ ഒഴിവാക്കുന്നതിനായി പാരലല്‍ കോളേജുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വിശദാംശങ്ങളടങ്ങിയ അപേക്ഷ ജൂണ്‍ 30-ന് മുമ്പായി ആര്‍.ടി. ഓഫീസിലും താലൂക്ക്തല സബ് ആര്‍.ടി. ഓഫീസിലും സമര്‍പ്പിക്കണം. അപേക്ഷകള്‍ വിശദമായി പരിശോധിച്ചശേഷം മാത്രമേ കണ്‍സഷന്‍ കാര്‍ഡ് വിതരണം ചെയ്യൂ. വെബ് അധിഷ്ഠിത സര്‍വീസ് ഉപയോഗപ്പെടുത്തി സുതാര്യമായ കണ്‍സഷന്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് കണ്‍സഷന്‍ സമയം. വൈകീട്ട് ഏഴുവരെ കണ്‍സഷന്‍ ലഭിക്കേണ്ടവര്‍ അനുബന്ധരേഖകള്‍ ഹാജരാക്കുന്നമുറയ്ക്ക് കണ്‍സഷന്‍ നല്‍കും. സ്‌കൂള്‍ പ്രതിനിധികളും പി.ടി.എ. അംഗങ്ങളും പോലീസ് അധികാരികളും അടങ്ങുന്ന കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനിച്ചു. കുട്ടികള്‍ കൂട്ടമായി നില്‍ക്കാതെ യഥാക്രമം ബസില്‍ കയറ്റിവിടാനുള്ള നടപടി ഈ കമ്മിറ്റി സ്വീകരിക്കണം. സ്‌കൂളുകളും കോളേജുകളും ക്ലാസ് ആരംഭിക്കുന്ന സമയങ്ങളില്‍ രാവിലെ എട്ടുമുതല്‍ 10 വരെയും അവസാനിക്കുന്ന സമയങ്ങളില്‍ വൈകീട്ട് മൂന്നുമുതല്‍ അഞ്ചുവരെയും പ്രധാനപ്പെട്ട ബസ്സ്റ്റോപ്പുകളിലും ബസ്സ്റ്റാന്‍ഡുകളിലും പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സാന്നിധ്യവും നിരീക്ഷണവും ഉണ്ടാവും. സ്റ്റുഡന്റ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാനങ്ങള്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കും. ജൂലായ് രണ്ടാം വാരം യോഗം ചേര്‍ന്ന് കമ്മിറ്റി തീരുമാനങ്ങള്‍ വിലയിരുത്തും. യോഗത്തില്‍ എ.ഡി.എം. റെജി പി. ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് ആര്‍.ടി.ഒ. ബി. ശ്രീപ്രകാശ്, പോലീസ്, കെ.എസ്.ആര്‍.ടി.സി. പ്രതിനിധി, ബസ്സുടമസ്ഥ സംഘം പ്രതിനിധി, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments