NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
03:34 PM
Tue, 6 May 2025

കെമിസ്ട്രി അധ്യാപക നിയമനത്തില്‍ പി.എസ്.സിക്ക് വ്യത്യസ്തരീതികള്‍

കെമിസ്ട്രി അധ്യാപക നിയമനത്തില്‍ പി.എസ്.സിക്ക് വ്യത്യസ്തരീതികള്‍
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ ഒരേ വിഷയത്തിന്റെ എന്‍. സി.എ. നിയമനത്തിന് പി.എസ്.സി. വ്യത്യസ്തരീതികള്‍ സ്വീകരിച്ചു. നോണ്‍-വൊക്കേഷണല്‍ കെമിസ്ട്രി ജൂനിയര്‍ ടീച്ചര്‍ എസ്.ഐ.യു.സി (നാടാര്‍), ഒ. എക്‌സ് നിയമനങ്ങള്‍ക്കാണ് രണ്ടുരീതിയില്‍ തിരഞ്ഞെടുപ്പ് നടത്തിയത്. ഒന്നിന് അഭിമുഖം മാത്രം നടത്തി റാങ്ക് തീരുമാനിച്ചപ്പോള്‍ രണ്ടാമത്തേതിന് അഭിമുഖത്തിനു പുറമെ യോഗ്യതാപരീക്ഷയുടെ മാര്‍ക്കും കണക്കിലെടുത്തു. ഒരേ തസ്തികയിലെ രണ്ടുതരം തിരഞ്ഞെടുപ്പിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സിക്ക് പരാതി നല്‍കി. ചിലര്‍ കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

സംവരണ വിഭാഗത്തിനായി മാറ്റിവെച്ച ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളില്ലാതെ വരുമ്പോഴാണ് എന്‍.സി.എ ( നോ കാന്‍ഡിഡേറ്റ് അവൈലബിള്‍) വിജ്ഞാപനം പി. എസ്.സി. പ്രസിദ്ധീകരിക്കുന്നത്. കെമിസ്ട്രി അധ്യാപക തസ്തികയിലേക്ക് 2011-ലാണ് എന്‍.സി.എ. വിജ്ഞാപനങ്ങള്‍ വന്നത്. എസ്.ഐ.യു.സി. (നാടാര്‍) വിഭാഗത്തിനും ഒ.എക്‌സിനും ഓരോ ഒഴിവാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. 

അഭിമുഖം നടത്തി യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് ശതമാനവും കൂട്ടിച്ചേര്‍ത്ത് കഴിഞ്ഞ സപ്തംബര്‍ 10നാണ് ഒ.എക്‌സ് റാങ്കുപട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചത്. മൊത്തം ഏഴുപേരാണ് പട്ടികയിലുള്ളത്. അതേമാസം 27ന് അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച എസ്.ഐ.യു.സി (എന്‍) റാങ്കുപട്ടികയില്‍ 12 പേരുണ്ട്. 

ഏതു രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് തീരുമാനിക്കാന്‍ പി.എസ്.സിക്ക് പൂര്‍ണ അധികാരമുണ്ടെങ്കിലും ഒരേ തസ്തികയിലെ വ്യത്യസ്ത രീതികള്‍ക്കെതിരെയാണ് പരാതിയുയര്‍ന്നത്. അധ്യാപക തസ്തികകളുടെ നിയമനത്തിന് യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് കണക്കിലെടുക്കുന്നതിനെതിരെ നേരത്തെ തന്നെ പരാതിയുണ്ട്. ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ രീതിയിലും വാര്‍ഷികാടിസ്ഥാനത്തിലും പരീക്ഷയെഴുതിയവര്‍ക്ക് ഒരുപോലെ വെയിറ്റേജ് നല്‍കുന്നത് അനീതിയാണെന്നായിരുന്നു ആക്ഷേപം. അതിനിടയിലാണ് ഒരേ തസ്തികയില്‍ ഒരു വിഭാഗത്തിനു മാത്രമായി യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് പരിഗണനയ്‌ക്കെടുത്തത്. 

0 Comments