NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=

വി.എച്ച്.എസ്.ഇ പരീക്ഷാ ബോര്‍ഡ് വിഭജിക്കും; ഏകീകരണത്തിന് തുടക്കം

വി.എച്ച്.എസ്.ഇ പരീക്ഷാ ബോര്‍ഡ് വിഭജിക്കും; ഏകീകരണത്തിന് തുടക്കം
എന്‍ജിനീയറിങ് പ്രവേശന പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വി.എച്ച്.എസ്.ഇ പരീക്ഷാബോര്‍ഡ് വിഭജിക്കും. മൂന്ന് വിഷയങ്ങളുടെ പരീക്ഷാനടത്തിപ്പും മൂല്യനിര്‍ണയവും ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന് കൈമാറും. വി.എച്ച്.എസ്.ഇയെ ലയിപ്പിച്ച് ഏകീകൃത ഹയര്‍സെക്കന്‍ഡറിയുണ്ടാക്കാനുള്ള നടപടികള്‍ക്കും ഇതോടെ തുടക്കമാവും. ദീര്‍ഘകാലമായി വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുള്ള വിഷയമാണ് ഏകീകരണം.
ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളാണ് വി.എച്ച്.എസ്.ഇ പരീക്ഷാബോര്‍ഡില്‍ നിന്ന് എടുത്തുമാറ്റുന്നത്. ഇവ പൂര്‍ണമായി ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡിന് കീഴിലാക്കും. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കുകൂടി എന്‍ജിനീയറിങ് പ്രവേശനത്തിന് പരിഗണിക്കുന്നതിനാല്‍ ഇരട്ടമൂല്യനിര്‍ണയമടക്കം നടത്തേണ്ടതിനാലാണ് ഈ മാറ്റം. ഇതിനായി ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക പരീക്ഷാബോര്‍ഡ് രൂപവത്കരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.
വി.എച്ച്.എസ്.ഇയിലെ ഈ വിഷയങ്ങള്‍ക്കുള്ള ചോദ്യപേപ്പര്‍ തയാറാക്കുന്നതും ഉത്തരക്കടലാസ് വിതരണംചെയ്യുന്നതും ഹയര്‍സെക്കന്‍ഡറി ബോര്‍ഡായിരിക്കും. എന്നാല്‍ വി.എച്ച്.എസ്.ഇ കേന്ദ്രങ്ങളില്‍ തന്നെയാകും പരീക്ഷ നടക്കുക. ഉത്തരക്കടലാസുകള്‍ ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന് കൈമാറണം. മൂല്യനിര്‍ണയം നടത്തിയശേഷം മാര്‍ക്ക് വി.എച്ച്.എസ്.ഇയെ അറിയിക്കും. മറ്റ് വിഷയങ്ങള്‍ വി.എച്ച്.എസ്.ഇ ബോര്‍ഡിന് കീഴില്‍ തന്നെ തുടരും.
മൂന്ന് വിഷയങ്ങള്‍ക്ക് പൊതു പരീക്ഷാബോര്‍ഡ് നിലവില്‍വരുന്നത് രണ്ട് ശാഖകളെയും ഏകീകരിക്കുന്ന നടപടികളുടെ തുടക്കമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ എന്നിവയെ പൊതുപരീക്ഷാബോര്‍ഡിന് കീഴില്‍ ഏകീകരിക്കണമെന്ന നിര്‍ദേശം കാലങ്ങളായി സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. നിലവിലെ സര്‍ക്കാര്‍ ഇതിനായി ചിലനീക്കങ്ങള്‍ നടത്തുകയും ചെയ്തു.എന്നാല്‍ വി.എച്ച്.എസ്.ഇ തലപ്പുത്തുണ്ടായിരുന്ന ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങിയതോടെ ഈ നീക്കം മരവിപ്പിക്കപ്പെടുകയായിരുന്നു. പൊതുബോര്‍ഡ് നിലവില്‍വന്നതോടെ ഏകീകരണനീക്കങ്ങളും പുനരാരംഭിക്കുമെന്നാണ് സൂചന.
എന്‍.പി ജിഷാര്‍

0 Comments